ഇമ്മുട്ടി

-------------------------------------

ആ ഉടലോ ശബ്ദമോ ഇന്ന് ഭൂമിയിലില്ല,

എന്നിലവശേഷിക്കുന്ന ഉമ്മ പക്ഷേ, വെറുമൊരു ഓർമ്മയല്ല.

എന്‍റെ സ്വത്വത്തിന്‍റെ തന്നെ അന്തരാളങ്ങളിലെ ഒരു വിങ്ങലാണത്;

എന്‍റെ പ്രതീക്ഷകളുടെയും നോവുകളുടെയും ഹൃദയചക്രവാളം.

അന്ന് ആ ത്യാഗത്തിന്‍റെ ആഴമളക്കാൻ എനിക്കായില്ല,

അല്ലെങ്കിലും, അളന്നു തിട്ടപ്പെടുത്താനാവുന്നതല്ലല്ലോ അത്!

ആ സ്നേഹത്തിന് അതിരുകളോ നിബന്ധനകളോ ഇല്ലായിരുന്നു;

അതെന്‍റെ ബാല്യ-കൗമാരങ്ങളിലൂടെ ഒരു നദി കണക്കെ ഒഴുകിപ്പരന്നു

തീരങ്ങളോട് അനുവാദം ചോദിക്കാതെ അനസ്യൂതമൊഴുകുന്ന പുഴപോലെ.

ആ അധരങ്ങൾ ഒരിക്കലും 'ഇല്ല' എന്ന് മൊഴിഞ്ഞില്ലെന്നോട്,

ആ വാക്കേ കേട്ടിട്ടില്ലാത്ത നവജാതശിശുവിനെപ്പോൽ.

എന്‍റെ ഏറ്റവും ഭ്രാന്തമായ വാശികൾ പോലും അംഗീകരിക്കപ്പെട്ടു,

നിരാസമല്ല, പാരിതോഷികമാണ് സ്നേഹമെന്ന നിലപാടിലൂന്നി.

ഞാൻ പക്ഷെ വിലമതിച്ചത് ആ താങ്ങും സ്വാതന്ത്ര്യവുമായിരുന്നു.

വഴികൾ ചൂണ്ടിക്കാണിച്ച് അവർ സ്വയം മാറിനിന്നത്,

എനിക്ക് സ്വന്തം വഴി തിരഞ്ഞെടുക്കാനായിരിക്കണം.

മനോഹരമായ ഒരു വിരോധാഭാസമായിരുന്നു ആ വ്യക്തിത്വം;

പരമ്പരാഗത മൂല്യങ്ങളിൽ ആഴത്തിൽ വേരൂന്നിയിട്ടും,

തീക്ഷ്ണമായി ആധുനികചിന്ത പുലർത്തിയവൾ!

ചുറ്റുമുള്ള ലോകം ഇരുണ്ടതും അടഞ്ഞതുമായിരുന്നിട്ടും,

എന്നെ തുറന്ന മനസ്സോടെ വളർത്തിയ മനീഷി.

ചുറ്റുമുള്ളവർ 'അക്ഷരമറിയാത്തവൾ' എന്ന് വിളിച്ചത്,

ജ്ഞാനത്തിന്‍റെയും ഭാവനയുടെയും രാജ്ഞിയെയായിരുന്നു!

ആ പ്രൗഢിയിൽ നിന്നാണ് എന്നിൽ എന്തെങ്കിലുമുണ്ടെങ്കിൽ അതുണ്ടായത്:

ശാസ്ത്രീയ ചിന്താഗതി, മാനവികതയിലൂന്നിയ മനസ്സാക്ഷി,

ഒരിക്കലും തലകുനിക്കാത്ത സ്ത്രീപക്ഷബോധം,

പിന്നെ നീതിക്കുവേണ്ടിയുള്ള സമർപ്പണം.

എന്നെ സജ്ജമാക്കിയത് അന്വേഷിക്കാനും അത്ഭുതപ്പെടാനും,

വൈവിധ്യങ്ങളെ നെഞ്ചേറ്റാനുമായിരുന്നല്ലോ.

അങ്ങനെയാണല്ലോ സമത്വം ആരുടെയോ ദാനമല്ല, സ്വയം

ചുവടുറപ്പിച്ചു നിൽക്കേണ്ട ധാർമ്മിക ഭൂമികയാണെന്ന് ഞാനറിഞ്ഞതും!

ന്‍റെ മുപ്പത്തിരണ്ടാം വയസ്സിലാണ് അവർ പിൻവാങ്ങിയത്.

അന്നാ നഷ്ടത്തിന്‍റെ ആഴവും പരപ്പും തിരിച്ചറിയാനുള്ള പാകത എനിക്കുണ്ടായില്ല!

അല്ലെങ്കിലും ആ ശൂന്യതയുടെ അതിരുകൾ എനിക്ക് അളക്കാൻ കഴിയുമായിരുന്നോ?

ഒരുപക്ഷെ, അന്നുമുതലായിരിക്കാം ഞാൻ ആദ്യമായി

പരുക്കൻ യാഥാർഥ്യങ്ങളെ അഭിമുഖീകരിച്ചു തുടങ്ങിയത്.

എന്നിൽ നിന്നും ഒന്നും പ്രതീക്ഷിച്ചിട്ടല്ല,

അല്ലെങ്കിലും ഒന്നും ആഗ്രഹിച്ചിരുന്ന കൂട്ടത്തിലല്ലല്ലോ അവർ!

എങ്കിലും, എനിക്ക് നൽകിയ ആ മഹാസാഗരത്തിന്

ഒന്നുമൊന്നും തിരികെ നൽകാൻ കഴിഞ്ഞില്ലല്ലോ എന്ന വേദന ബാക്കിയാവുന്നു.

ആ വിയോഗാനന്തരം ലോകം തണുത്തുറഞ്ഞതായി എനിക്ക് തോന്നി.

ഉള്ളുലയ്ക്കുന്ന ഒരു സത്യം ഞാൻ തിരിച്ചറിഞ്ഞു

എനിക്കായി നോക്കിയിരിക്കാൻ ഇനി ആരുമില്ലെന്ന്!

വൈകി വീട്ടിലെത്തുമ്പോൾ ആധി പൂണ്ട മുഖവുമായി

വാതിൽപടിയിൽ നിൽക്കാൻ ഇനി ആരുമില്ല.

വർഷങ്ങളോളം ആ വിരഹവും പേറി ഞാൻ അലഞ്ഞു,

വേലിയേറ്റത്തിന്‍റെ ഓർമ്മകൾ പേറുന്ന തീരം കണക്കെ.

ഒരു ഘട്ടത്തിൽ ആ സന്നിധിയിലെത്തുക മാത്രമായി എന്‍റെ ലക്ഷ്യം.

കാണാമറയത്ത് കണ്ണും നട്ടിരിക്കുന്നുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു!

കാത്തിരുന്നു മടുത്തിട്ടായിരിക്കാം അവർ വീണ്ടും ഇറങ്ങിപ്പുറപ്പെട്ടത്;

2016 ജൂൺ നാലാം തീയതി സന്ധ്യയ്ക്ക്.

അന്നാണല്ലോ ശസ്ത്രക്രിയാമുറിയിലെ ആ കാഴ്ചയ്ക്ക് ഞാൻ സാക്ഷിയായത്.

മസ്തിഷ്കം അതിന്‍റെ എല്ലാ പരിധികളും ലംഘിക്കുകയായിരുന്നു,

ചുറ്റുമുള്ളതെല്ലാം മങ്ങാൻ തുടങ്ങി,

ഹൃദയം അലിഞ്ഞലിഞ്ഞ് രക്തത്തിൽ കലരുന്നതുപോലെ!

മൂടൽമഞ്ഞിലൂടെ എന്നെ ലക്ഷ്യമാക്കി അണയുന്ന പ്രകാശം

യുക്തിയുടെ അതിരുകൾക്കും അപ്പുറത്തുനിന്ന്,

വാക്കുകൾക്ക് വിവരിക്കാൻ കഴിയാത്ത ഏതോ ദേശത്തുനിന്ന്,

ഒരു കുലുക്കത്തോടെയാണ് അതെന്നിലേക്ക് അണഞ്ഞത്!

എല്ലാ കുഞ്ഞുങ്ങളെയും പോലെ അവളുടെ കണ്ണുകളും അടഞ്ഞിരുന്നു.

അടഞ്ഞ കൺപോളകൾക്കിടയിലൂടെ പക്ഷേ,

ഒരു നിറമറിയാത്ത വെളിച്ചം കാണാമായിരുന്നു;

അപൂർവ്വമായ, നനവാർന്ന, വിറയാർന്നൊരു പ്രകാശം!

ഈ പ്രകാശം പക്ഷേ, ഞാൻ കാണുന്നത് ആദ്യമായല്ല.

അതുവരെ ഒളിച്ചിരുന്ന രോഗത്തിന് ഡോക്ടർ

'പ്രോഗ്രസ്സീവ് ബൾബാർ പാൾസി' എന്ന് പേരിട്ട നിമിഷം...

വാക്കുകളെ മാത്രമല്ല, ഭക്ഷണവും വെള്ളവും

എന്തിന്, ചിലപ്പോഴൊക്കെ ശ്വാസം പോലും തൊണ്ടയിൽ തടഞ്ഞുവെച്ച രോഗം!

എന്താണ് എന്നോട് പറയാൻ ശ്രമിക്കുന്നതെന്ന്

പണിമുടക്കിയ വാക്കുകൾ മൂലം മനസ്സിലാക്കാൻ കഴിയാതെ,

നിസ്സഹായനായി ആ കണ്ണുകളിൽ തന്നെ നോക്കിനിന്നപ്പോൾ

കണ്ട അതേ നിറമറിയാത്ത രശ്മികൾ!

ഈ ആശുപത്രി വരാന്തയിൽ, സഹോദരിയുടെ ഉള്ളംകൈയിൽ

അവളെ കാണുമ്പോൾ ഞാനത് തിരിച്ചറിയുന്നു.

അത് അവസാനത്തിന്‍റെ വെളിച്ചമായിരുന്നില്ല,

അത് മടങ്ങിവരവിന്‍റെ പ്രകാശമായിരുന്നു!

ശ്വാസമടക്കിപ്പിടിച്ച, മനസ്സ് വിറകൊണ്ട ആ നിമിഷത്തിൽ ഞാൻ തിരിച്ചറിഞ്ഞു

എന്‍റെ ഉമ്മ എനിക്കായി മടങ്ങിയെത്തിയിരിക്കുന്നു!

അവളെ 'തായു' എന്ന് പേര് വിളിക്കാൻ എനിക്ക് അല്പം പോലും ആലോചിക്കേണ്ടിവന്നില്ല;

ഈ ലോകമറിയുന്ന പേരും, ഒപ്പം ചുറ്റുമുള്ളവർ സ്നേഹത്തോടെ വിളിച്ചിരുന്ന വിളിപ്പേരും!

ആ പേര് ചൊല്ലി വിളിക്കുന്നത് എനിക്ക് വീണ്ടും കേൾക്കണമായിരുന്നു

ഓരോ ദിവസവും, എനിക്ക് ചുറ്റുമുള്ളവരുടെ ശബ്ദത്തിലൂടെ.

ഇപ്പോൾ ഞാൻ അത് കേൾക്കുന്നു.

അവൾ ഇപ്പോൾ എന്‍റെ 'കുഞ്ഞുമ്മ'യായി മാറിയിരിക്കുന്നു.

അവളോട് ഒന്നിനും 'ഇല്ല' എന്ന് പറയാൻ എനിക്ക് കഴിയില്ല.

അവൾ കരയുമ്പോൾ, കാരണം എന്തുതന്നെയായാലും എന്‍റെ ഹൃദയം നുറുങ്ങിപ്പോകും!

ഒരു ഗൂഢമായ പരിഭ്രാന്തി എന്നിൽ തലപൊക്കുന്നു

ഈ പ്രപഞ്ചം നിശ്ശബ്ദമായി വിറകൊള്ളാൻ തുടങ്ങിയതുപോലെ.

ഞാൻ വേദനിച്ചപ്പോഴൊക്കെയും ഉമ്മ അനുഭവിച്ചിരിക്കാനിടയുള്ള ആ വികാരം

ഞാനിപ്പോൾ പൂർണ്ണമായി തിരിച്ചറിയുന്നു.

ഈ വരുന്ന ജൂൺ, ഈ ലോകത്തിന് അവളുടെ പത്താം ജന്മദിനമാണ്.

എന്നാൽ എന്‍റെ ഹൃദയത്തിന്‍റെ കലണ്ടറിൽ ഇത് എന്‍റെ ഉമ്മയുടെ എൺപത്തിയാറാം ജന്മദിനമാണ്!

2016 ജൂൺ 4 മുതലുള്ള എന്‍റെ ഓരോ ദിവസവും,

മുമ്പ് തിരിച്ചുനൽകാൻ കഴിയാതെ പോയതിന് പശ്ചാത്താപം ചെയ്യാനുള്ള ശ്രമങ്ങളാണ്.

അവളിലൂടെ ആ സ്നേഹവും പരിചരണവും സമർപ്പണവും തിരികെ നൽകാനുള്ള ശ്രമം!

എനിക്കന്ന് ചെയ്യാൻ കഴിയാതെ പോയവ...

സത്യത്തിൽ എന്‍റെ ജീവിതത്തിന്‍റെ ലക്ഷ്യം തന്നെ ഈ ഒരൊറ്റ കാര്യമായി മാറിയിരിക്കുന്നു.

എന്‍റെ ഉമ്മയുടെ ഈ ലോകത്തെ ശേഷിപ്പ് സ്മാരകങ്ങളിലോ പ്രതിമകളിലോ അല്ല,

ഉമ്മ എന്നിൽ നട്ടുപിടിപ്പിച്ച മാനുഷിക മൂല്യങ്ങളിലാണ്.

അതൊക്കെ ആവശ്യമാണെന്ന് ഞാൻ അറിയുന്നതിനും എത്രയോ മുൻപ്,

എന്‍റെ ജീവിതത്തിലേക്ക് ഉമ്മ പകർന്നുതന്നതെന്തോ,

അതിപ്പോൾ തായുവിലൂടെ, ഇമ്മുട്ടിയിലൂടെ തിരികെ ഒഴുകുന്നു.

ജീവിതം തന്നെ സാർത്ഥകമായിരിക്കുന്നു!

 

HAPPY BIRTHDAY IMMUTTY!!!

---------------------------------------

എം. എൻ.

04-06-2026