ബ്രിട്ടീഷുകാർ ഇംഗ്ലീഷിനെ ഭരണഭാഷയാക്കുന്നതിന് മുൻപ്, ഏതാണ്ട് മുന്നൂറിലധികം വർഷം ഇന്ത്യയുടെ പല ഭാഗങ്ങളിലും ഔദ്യോഗിക ഭാഷയായിരുന്നത് പേർഷ്യനായിരുന്നു. ബംഗാളിലാകട്ടെ, ഏകദേശം അറുന്നൂറ് വർഷത്തോളം ഈ പദവി പേർഷ്യൻ ഭാഷ നിലനിർത്തി. അക്കാലത്ത് അധികാരത്തി ന്‍റെ യും ഭരണത്തി ന്‍റെ യും എന്നല്ല, അന്തസ്സിന്റെ അടയാളമായിപ്പോലും കണക്കാക്കപ്പെട്ടിരുന്നത് പേർഷ്യൻ ഭാഷയായിരുന്നു.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ അധികാരം സ്ഥാപിച്ചപ്പോഴും നിലവിലുണ്ടായിരുന്ന പേർഷ്യൻ ഭരണരീതികൾ തന്നെയാണ് പിന്തുടർന്നത്. ഇതിനായി അവർ പേർഷ്യൻ വിവർത്തകരെ നിയമിക്കുകയും കോടതി നടപടികൾ പേർഷ്യനിൽ തന്നെ തുടരുകയും ചെയ്തു. ഉദ്യോഗസ്ഥരെ പേർഷ്യൻ പഠിക്കാൻ അവർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഭരണനിർവ്വഹണത്തിനായി ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിന് 1800-ൽ കൊൽക്കത്തയിൽ സ്ഥാപിതമായ ഫോർട്ട് വില്യം കോളേജിൽ സംസ്‌കൃതം, ബംഗാളി, ഉറുദു എന്നിവയ്‌ക്കൊപ്പം പേർഷ്യനും പഠിപ്പിച്ചിരുന്നു. ഇന്ത്യൻ ഭരണസംവിധാനത്തിൽ പേർഷ്യൻ ഭാഷയ്ക്കുള്ള സ്വാധീനം കണക്കിലെടുത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനി അതിനെ "ആജ്ഞാശക്തിയുടെ ഭാഷ" (Language of Command) എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
പേർഷ്യൻ കേവലം മുസ്ലീം ഭരണാധികാരികളുടെ മാത്രം ഭാഷയായിരുന്നില്ല. അത് ഔദ്യോഗിക ഭാഷയാകുന്നതിന് മുൻപ് തന്നെ ഹിന്ദു കായസ്ത വിഭാഗത്തിൽപ്പെട്ട എഴുത്തുകാർ അത് പഠിച്ചിരുന്നു. ഹിന്ദു ബ്രാഹ്മണർ, ഖത്രികൾ, കായസ്തകൾ എന്നിവർ പേർഷ്യൻ കവിതകൾ രചിക്കുകയും മുഗൾ ഭരണകൂടത്തിന്റെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുകയും ചെയ്തിരുന്നു. അക്കാലത്തെ ഭൂനികുതി രേഖകൾ (Revenue records) പൂർണ്ണമായും കൈകാര്യം ചെയ്തിരുന്നതും പേർഷ്യൻ ഭാഷയിലായിരുന്നു.
എന്നാൽ 1800-കളുടെ തുടക്കത്തിൽ, ഇത്രയും വലിയൊരു ജനസംഖ്യയെ എങ്ങനെ കാര്യക്ഷമമായി ഭരിക്കാം എന്നതിനെക്കുറിച്ച് ബ്രിട്ടീഷുകാർക്കിടയിൽ ഗൗരവമായ ചർച്ചകൾ നടന്നു. അതി ന്‍റെ ഭാഗമായി 1835-ൽ തോമസ് ബാബിംഗ്ടൺ മെക്കാളെ ത ന്‍റെ പ്രശസ്തമായ "മിനിറ്റ് ഓൺ ഇന്ത്യൻ എഡ്യൂക്കേഷൻ" അവതരിപ്പിച്ചു. ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും നിർണ്ണായകമായ രേഖകളിലൊന്നാണത്. മെക്കാളെയുടെ വാദങ്ങൾ അങ്ങേയറ്റം കടുത്തതായിരുന്നു.
ഒരു നല്ല യൂറോപ്യൻ ലൈബ്രറിയിലെ ഒരൊറ്റ ഷെൽഫിലുള്ള പുസ്തകങ്ങൾ ഇന്ത്യയിലെയും അറേബ്യയിലെയും മുഴുവൻ സാഹിത്യത്തേക്കാൾ മൂല്യമുള്ളതാണെന്ന് അദ്ദേഹം വാദിച്ചു. "രക്തത്തിലും നിറത്തിലും ഇന്ത്യക്കാരായ, എന്നാൽ അഭിരുചികളിലും അഭിപ്രായങ്ങളിലും ധാർമ്മികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരായ ഒരു വിഭാഗം ആളുകളെ" സൃഷ്ടിക്കുകയായിരുന്നു അദ്ദേഹത്തി ന്‍റെ ലക്ഷ്യം.
ഇന്ത്യയെ വിശാലമായ മുഗൾ-ഇസ്ലാമിക്-മധ്യേഷ്യൻ സംസ്കാരങ്ങളുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് പേർഷ്യൻ ഭാഷയെന്ന് ബ്രിട്ടീഷുകാർ തിരിച്ചറിഞ്ഞിരുന്നു. ആ ബന്ധം വിച്ഛേദിക്കുന്നതിലൂടെ കേവലമൊരു ഭരണഭാഷ മാറ്റുകയല്ല, മറിച്ച് ഇന്ത്യയുടെ നാഗരിക ശൃംഖലയെത്തന്നെ തകർക്കുകയാണ് അവർ ചെയ്തത്. 1835 മാർച്ചിൽ മെക്കാളെയുടെ നിർദ്ദേശങ്ങൾക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കുകയും, 1837-ഓടെ ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭരണഭാഷയായി മാറുകയും ചെയ്തു.
ഭാഷാന്തരം എം. എൻ.
2 6-0 4-2026
Comments
No comments yet. Be the first to share your thoughts.