തങ്ങളുടെ തന്നെ ആന്തരിക കലഹങ്ങളിൽ നിന്നും അരാജകത്വങ്ങളിൽ നിന്നും ഓടിയൊളിക്കാൻ മനുഷ്യൻ എക്കാലത്തും അഭയകേന്ദ്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. മധ്യകാലഘട്ടത്തി ന്‍റെ പൊടിപടലങ്ങൾ അടങ്ങുകയും, യൂറോപ്പിലെ മഹാ കത്തീഡ്രലുകളുടെ നിർമ്മാണം പൂർത്തിയാവുകയും ചെയ്തപ്പോൾ, ആ ശി ൽപി കൾ(Stonemasons) തങ്ങളുടെ നിലനി ൽപി നെ ബാധിക്കുന്ന ഒരു ചോദ്യത്തെയാണ് അഭിമുഖീകരിച്ചത്, ഒന്നുകിൽ നില നിൽക്കുന്ന സാമൂഹിക ചുറ്റുപാടുകളുമായി സമരസപ്പെടുക അല്ലെങ്കിൽ ഒരു സമൂല പരിവർത്തനം. അവർ തിരഞ്ഞെടുത്തത് രണ്ടാമത്തെ, നവീകരണത്തി ന്‍റെ വഴിയായിരുന്നു. അങ്ങനെ 1717-ൽ ലണ്ടനിൽ ആദ്യത്തെ 'ഗ്രാൻഡ് ലോഡ്ജ്' സ്ഥാപിതമായതോടെ, കല്ലുകളിൽ നിന്ന് ശി ൽപ ങ്ങൾ വിരിയിച്ചിരുന്ന ക ൽപ ണിക്കാരുടെ കായി കാ ധ്വാനം ആശയപരമായ(Speculative) മേസൺ പ്രസ്ഥാനമായി പരിണമിച്ചു. ചുറ്റികയും ഉളിയും കേവലം കായിക ഉപകരണങ്ങളിൽ നിന്ന് മാനസിക പരിവർത്തനത്തിനുള്ള മാധ്യമങ്ങളായി മാറി. പരുക്കൻ ശിലകൾ (Ashlar) പരിഷ്കരിക്കപ്പെടാത്ത മനുഷ്യാവസ്ഥയുടെ പ്രതീകമായി രൂപപ്പെട്ടു. രൂപകങ്ങളും പ്രതീകങ്ങളും രഹസ്യമായ ചടങ്ങുകളും വഴി സംരക്ഷിക്കപ്പെട്ട ഒരു ശാസ്ത്രീയ-സാംസ്കാരിക പ്രസ്ഥാനമായി ഫ്രീമേസൺസ് ലോകത്ത് വളർന്നുവന്നു.

ഈ സാഹോദര്യ കൂട്ടായ്മയെ സമകാലികവും മതനിരപേക്ഷവുമായ ഒരു കാഴ്ചപ്പാടിലൂടെ വിലയിരുത്തുക എന്നത് വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഒരു ശില്പത്തെ അഭിമുഖീകരിക്കുന്നതുപോലെയാണ്. ഒരു കാലത്ത് യൂറോപ്യൻ നവോത്ഥാനത്തി ന്‍റെ(Enlightenment) മുൻനിരയിൽ നിലകൊണ്ട ഈ പ്രസ്ഥാനം, ഇന്ന് സ്വയം കെട്ടിപ്പടുക്കാൻ സഹായിച്ച ആധുനികതയുടെ പേരിൽ തന്നെ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു.

ആധുനിക ഫ്രീമേസൺ പ്രസ്ഥാനത്തി ന്‍റെ ആന്തരിക വൈരുദ്ധ്യങ്ങളെക്കുറിച്ച് എന്ത് തന്നെ നിഗമനങ്ങളിൽ എത്തിയാലും, ഒരു ചരിത്രസത്യത്തെ നിഷേധിക്കുക പ്രയാസമാണ്: ആഗോള ചരിത്രത്തെ സ്വാധീനിച്ച അസാധാരണ വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിൽ ഈ കൂട്ടായ്മ ഒരു വലിയ പങ്കുവഹിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളോളം, പ്രഭുക്കന്മാർക്കും സാധാരണ തൊഴിലാളികൾക്കും ഒരേ പന്തിയിൽ ഒരുമിച്ചിരിക്കാൻ കഴിഞ്ഞ അപൂർവ്വം ഇടങ്ങളിൽ ഒന്നായിരുന്നു ഇവരുടെ 'ലോഡ്ജുകൾ'. രാജഭരണവും, മതവിഭാഗീയതയും, കർക്കശമായ വർഗ്ഗശ്രേണികളും ലോകത്തെ ഭിന്നിപ്പിച്ച ഒരു കാലഘട്ടത്തിൽ, ഈ ലോഡ്ജുകൾ സവിശേഷമായ ഒരു ബൗദ്ധിക ഇടം പൊതുസമൂഹത്തിന് നൽകി.

വിപ്ലവങ്ങളിലും തത്വശാസ്ത്രങ്ങളിലും കലാപാരമ്പര്യങ്ങളിലും ഈ പ്രസ്ഥാനത്തി ന്‍റെ സ്വാധീനം പടർന്നുകിടക്കുന്നു, ഒന്നു രണ്ടു ഉദാഹരണങ്ങൾ പറയാം:

ജോർജ്ജ് വാഷിംഗ്ടണും ബെഞ്ചമിൻ ഫ്രാങ്ക്ലിനും ഫ്രീമേസൺ ലോഡ്ജിലെ സമത്വഭാവന ഉൾക്കൊണ്ടുകൊണ്ടാണ്, രാജാക്കന്മാരുടെ ദിവ്യാധികാരങ്ങളെ പൂർണ്ണമായും നിരാകരിക്കുന്ന ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ റിപ്പബ്ലിക്കിന് അമേരിക്കയിൽ അടിത്തറയിട്ടത്. (Bullock, S. C., 'Revolutionary Brotherhood: Freemasonry and the Transformation of the American Social Order', 1996). ജാതിവിഭജനങ്ങളും സാമ്രാജ്യത്വ മേധാവിത്വവും ഇന്ത്യൻ സമൂഹത്തെ ശ്വാസംമുട്ടിച്ച കൊളോണിയൽ കാലഘട്ടത്തിൽ, ഫ്രീമേസൺ ലോഡ്ജുകൾ പലപ്പോഴും ഒരു നിഷ്പക്ഷ സാമൂഹിക വേദിയായി വർത്തിച്ചു. സ്വാമി വിവേകാനന്ദൻ 1884-ൽ കൽക്കത്തയിൽ വെച്ച് പ്രസ്ഥാനത്തിൽ അംഗത്വം നേടിയ തും മോത്തിലാൽ നെഹ്റുവിനെപ്പോലെയുള്ള പ്രമുഖർ ഇത്തരം ലോഡ്ജുകളുടെ ഭാഗമായിരുന്ന തും ഓർക്കുക. തത്വത്തിലെങ്കിലും ജാതി, മത, വംശീയ അതിർവരമ്പുകൾക്ക് അതീതമായി പ്രവർത്തിക്കാൻ ഇവയ്ക്ക് കഴിഞ്ഞിരുന്നു. (Combined records of the District Grand Lodge of Bengal / Grand Lodge of India archives). വൂൾഫ്ഗാംഗ് അമഡ്യൂസ് മൊസാർട്ട്, ത ന്‍റെ മേസൺ അനുഭവങ്ങളെ ഉദാത്തമായ ക ലാ രൂപങ്ങളാക്കി മാറ്റി, എടുത്ത് പറയാവുന്നത് അദ്ദേഹത്തി ന്‍റെ ഒപെറയായ 'ദി മാജിക് ഫ്ലൂട്ട്' (The Magic Flute) ആണ്. അജ്ഞതയ്ക്കും അന്ധകാരത്തിനും മേൽ നവോത്ഥാന യുക്തിയുടെ വിജയം ആഘോഷിക്കുന്ന ഒരു സംഗീത ശിൽപ മാണത്. പിൽക്കാലത്ത് സർ ആർതർ കോനൻ ഡോയലിനെപ്പോലെയുള്ള എഴുത്തുകാരുടെ കൃതികളിലും സാഹോദര്യം, ബഹുമാനം, പൌര ധർമങ്ങൾ തുടങ്ങിയ സമാന ആശയങ്ങൾ പ്രതിഫലിച്ചുകാണാം. (Autexier, P. A., 'Mozart & Masonry', 1991).

തീവ്രവലതുപക്ഷവും മാർക്സിസ്റ്റുകളും ഒരുപോലെ ഫ്രീമേസൺ പ്രസ്ഥാനത്തെ എതിർത്തതെന്തുകൊണ്ട്? ഫ്രീമേസൺ പ്രസ്ഥാനത്തി ന്‍റെ ചരിത്രത്തിലെ ഏറ്റവും കൗതുകകരമായ ഒരു വശം, രാഷ്ട്രീയ ഭൂമികയുടെ ഇരുധ്രുവങ്ങളിൽ നിൽക്കുന്ന പ്രത്യയശാസ്ത്രങ്ങൾ ഇതിനെ ഒരേപോലെ ശത്രുതയോടെയാണ് വീക്ഷിച്ചത് എന്നതാണ്.

തീവ്രവലതുപക്ഷത്തിനും, പ്രത്യേകിച്ച് ഫാസിസ്റ്റ്, തീവ്രദേശീയതാ, മതരാഷ്ട്രവാദ പ്രസ്ഥാനങ്ങൾക്കും, ഈ ലോഡ്ജുകൾ അപകടകരമായ ഒരു വിശ്വമാനവ(Cosmopolitan) ഇടങ്ങളായിരുന്നു. അതിർത്തികൾക്കും വിശ്വാസങ്ങൾക്കും അപ്പുറമുള്ള സാഹോദര്യം പ്രോത്സാഹിപ്പിച്ചതിലൂടെ, ദേശം, വംശം, മതം എന്നിവയിലധിഷ്ഠിതമായ കർക്കശമായ സ്വത്വബോധത്തെ ഫ്രീമേസൺ പ്രസ്ഥാനം ദുർബലപ്പെടുത്തി എന്ന് പറയാം. ഭരണഘടനാവാദം, മതനിരപേക്ഷ ഭരണം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ ഇവരുടെ നവോത്ഥാന ആശയങ്ങൾ, അധികാരശ്രേണികളിലും മിഥ്യാദേശീയതയിലും കെട്ടിപ്പടുത്ത ഏകാധിപത്യ വ്യവസ്ഥകൾക്ക് നേരിട്ടുള്ള ഭീഷണിയായിരുന്നു. അതുകൊണ്ടാണ് നാസി ജർമ്മനി, ഫാസിസ്റ്റ് ഇറ്റലി, ഫ്രാങ്കോയുടെ സ്പെയിൻ തുടങ്ങിയ സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ മേസൺ അംഗങ്ങളെ ക്രൂരമായി വേട്ടയാടിയത്.

അതേസമയം, മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഫ്രീമേസൺ പ്രസ്ഥാനത്തെ തികച്ചും വ്യത്യസ്തമായ ഒരു കോണിലൂടെയാണ് കണ്ടത്. വ്യവസ്ഥാപിത മാർക്സിസ്റ്റുകൾക്ക് ഈ ലോഡ്ജുകൾ ഒരു 'ബൂർഷ്വാ' സ്ഥാപനമായിരുന്നു: രഹസ്യ സ്വഭാവമുള്ളതും, ഉപരിവർഗ്ഗ കേന്ദ്രീകൃതവും, അടിസ്ഥാന വർഗ്ഗസമരത്തിൽ നിന്ന് പൂർണ്ണമായും അടർന്നുമാറിയതുമായ ഒന്ന്. വെറുമൊരു പ്രതീകാത്മക ആഗോള സാഹോദര്യത്തെ മാർക്സിസ്റ്റ് സിദ്ധാന്തങ്ങൾ തള്ളിക്കളഞ്ഞു; കേവലമായ ആചാരങ്ങളിലൂടെയുള്ള ആത്മീയ ശുദ്ധീകരണമല്ല, മറിച്ച് ഘടനാപരമായ സാമ്പത്തിക വിപ്ലവത്തിലൂടെ മാത്രമേ യഥാർത്ഥ വിമോചനം സാധ്യമാകൂ എന്ന് അവർ വാദിച്ചു. കൂടാതെ, ലോഡ്ജുകളുടെ രഹസ്യസ്വഭാവവും അന്താരാഷ്ട്ര ശൃംഖലകളും, ഭരണകൂടത്തിന് അതീതമായി പ്രവർത്തിക്കുന്ന ഒരു സമാന്തര അധികാര കേന്ദ്രമായി കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ സംശയിച്ചു. തൽഫലമായി, പല കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളും ഫ്രീമേസൺ സംഘടനകളെ നിരോധിക്കുകയോ അടിച്ചമർത്തുകയോ ചെയ്തു.

അങ്ങനെ, പ്രത്യയശാസ്ത്രപരമായി പരസ്പരം എതിർക്കുമ്പോഴും, രണ്ട് തീവ്രധ്രുവങ്ങളും വ്യത്യസ്ത വഴികളിലൂടെ ഒരേ നിഗമനത്തിലാണ് എത്തിയത്: സ്വതന്ത്ര ചിന്തയെയും, ബഹുസ്വര കൂട്ടായ്മകളെയും, കേവല രാഷ്ട്രീയ സ്വത്വങ്ങൾക്ക് അതീതമായ ആഭിമുഖ്യങ്ങളെയും ഏകാധിപത്യ പ്രവണതയുള്ള പ്രസ്ഥാനങ്ങൾ എക്കാലത്തും ഭയപ്പെട്ടിരുന്നു.

യുക്തിസഹമായ അന്വേഷണം, ആഗോള സമഭാവന(Equity), പാർശ്വവത്കരിക്കപ്പെട്ടവരോടുള്ള ഐക്യദാർഢ്യം എന്നിവയിലൂന്നിയ ഒരു ആധുനിക വീക്ഷണ കോണിലൂടെ നോക്കുമ്പോൾ, ഫ്രീമേസൺ പ്രസ്ഥാനം എന്നത് ഒരു ഏകാശിലാ രൂപമല്ല, പകരം, സാമൂഹിക മാറ്റങ്ങളോ ടുള്ള രണ്ട് വ്യത്യസ്ത പ്രതികരണങ്ങളാണ് അവയെന്ന് കാണാം. 'റെഗുലർ' ഫ്രീമേസൺസ്, പാരമ്പര്യങ്ങളുടെ ഒരു കൂടാരമാണെന്ന് പറയാം, അഥവാ അതിനെ മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഒരു ചരിത്ര സ്മാരകത്തോട് ഉപമിക്കാം. പതിനെട്ടാം നൂറ്റാണ്ടി ന്‍റെ തുടക്കത്തിലെ ധാർമികതയിലും മൂല്യങ്ങളിലും ഉറഞ്ഞു പോയ അവർ ഇപ്പോഴും അതേ മൂല്യങ്ങളും ധാർമികതയും കർക്കശമായി മുറുകെ പിടിക്കുന്നു. പാരമ്പര്യത്തേക്കാൾ ആധുനിക സമഭാവനയ്ക്ക് മുൻഗണന നൽകുന്ന ഒരു മനുഷ്യ സ്നേഹിക്ക് പക്ഷേ, ഈ ശാഠ്യം ഒരു ഒരു തടവറയായാണ് അനുഭവപ്പെടുക.

പാരമ്പര്യമായി ലഭിച്ച ആൺ-സാഹോദര്യ സ്വത്വം നിലനിർത്താൻ സ്ത്രീകളെ മാറ്റിനിർത്തുന്നതിലൂടെയും, അംഗത്വത്തിന് ഒരു അമാനുഷിക ശക്തിയിൽ(Supreme-Being) വിശ്വാസം നിർബന്ധമാക്കുന്നതിലൂടെയും, ആധുനിക യുക്തിചിന്തയുടെ കരുത്തരായ വലിയൊരു വിഭാഗം മനുഷ്യരെയാണ് ഈ പരമ്പരാഗത രൂപം പുറത്തുനിർ ത്തിയ ത്. ജീവകാരുണ്യ പ്രവർത്തനങ്ങളെയും വ്യക്തിശുദ്ധിയെയും കുറിച്ച് സംസാരിക്കുമ്പോഴും, ഇവരുടെ ധാർമ്മിക ഭാഷ പലപ്പോഴും പഴയ പുരുഷാധിപത്യ സങ്ക ൽപ ങ്ങളിൽ അധിഷ്ഠിതമാണ്. അവിടെ മനുഷ്യ ന്‍റെ അന്തസ്സ് എന്നത് സാർവത്രികമായ വ്യക്തിസ്വാതന്ത്ര്യത്തിലല്ല, മറിച്ച് പാരമ്പര്യത്തി ന്‍റെ മാനദണ്ഡത്തിലാണ് അളക്കപ്പെടുന്നത്. ചുരുക്കി, അടിത്തറ വികസിപ്പിക്കുന്നതിനേക്കാൾ തൂണുകൾ സംരക്ഷിക്കുന്നതിൽ ശ്രദ്ധിക്കുന്ന ഒരു വാസ്തുവിദ്യയാണിത്.

നേരെമറിച്ച്, കോണ്ടിനെന്റൽ(Continental) അഥവാ 'ലിബറൽ' ഫ്രീമേസൺ പ്രസ്ഥാനം പ്രതിനിധീകരിക്കുന്നത് ആധുനിക ലോകത്തി ന്‍റെ ധാർമ്മിക മൂല്യങ്ങൾക്കനുസരിച്ച് സ്വയം പരിണമിച്ച ഒരു ശില്പകലയെയാണ്. ലിംഗവിവേചനങ്ങളും ദൈവശാസ്ത്രപരമായ നിബന്ധനകളും എടുത്തുമാറ്റിയതിലൂടെ, ഇതൊരു ചരിത്രപരമായ ആൺകൂട്ടായ്മയിൽ നിന്ന് വിശാലമായ മാനവിക-തത്വശാസ്ത്ര പ്രസ്ഥാനമായി മാറി. മനുഷ്യ ന്‍റെ ഐക്യദാർഢ്യം എന്നത് ജീവശാസ്ത്രത്തിലോ, മതവിശ്വാസത്തിലോ, പരമ്പരാഗത സ്വത്വങ്ങളിലോ അധിഷ്ഠിതമാകരുത് എന്ന ആധുനിക ബോധ്യത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

എങ്കിലും, ഇവിടെയും ഒരു വൈരുദ്ധ്യം ദൃശ്യമാണ്. ആധുനിക രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ, ലിബറൽ മേസൺ പ്രസ്ഥാനത്തിന് തങ്ങളുടെ ലോഡ്ജുകളെ നിർവ്വചിച്ചിരുന്ന ആ നിഗൂഢതയും നിഷ്പക്ഷതയും ഒരു പരിധിവരെ നഷ്ടപ്പെടുന്നുണ്ട്. ലോഡ്ജ് എന്ന ആ അഭയകേന്ദ്രം രാഷ്ട്രീയത്തിന് അതീതമായ ഒരു ശാന്തയിടം എന്ന നിലയിൽ നിന്ന് മാറി, രാഷ്ട്രീയ-സാംസ്കാരിക സംവാദങ്ങളിലെ സജീവ പങ്കാളിയായി മാറുന്നു ന്നത് കാണാം.

ആത്യന്തികമായി, മനുഷ്യ കൂട്ടായ്മകളുടെ വാസ്തുവിദ്യയെക്കുറിച്ചുള്ള ഒരു അത്ഭുതകരമായ പഠനപദാർത്ഥമാണ് ഫ്രീമേസൺ പ്രസ്ഥാനം. യുക്തിപരമായി ചിന്തിക്കുന്നവർക്ക്, ഇതി ന്‍റെ പരമ്പരാഗത രൂപങ്ങൾ നൽകുന്ന മുന്നറിയിപ്പ് വ്യക്തമാണ്, മാറിവരുന്ന മനുഷ്യയാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാതെ വെറും ബാഹ്യഘടനകളെ മാത്രം സംരക്ഷിക്കാൻ ശ്രമിച്ചാൽ അത് നാശത്തിലേക്ക് നയിക്കും. എങ്കിലും, ജനാധിപത്യപരമായ സംവാദങ്ങളും, മതനിരപേക്ഷ ചിന്തകളും, ബൗദ്ധിക സാഹോദര്യവും വളർത്തുന്നതിൽ ഈ പ്രസ്ഥാനം വഹിച്ച ചരിത്രപരമായ പങ്ക് വിസ്മരിക്കാനാവില്ല.

നവോത്ഥാന പാരമ്പര്യത്തിൽ വളർന്ന ആധുനിക തത്ത്വചിന്തകർ ചരിത്രപരമായ ആദരവോടും അതേസമയം കടുത്ത സംശയത്തോടും കൂടിയായി രുന്നു ഇതിനെ സമീപി ച്ചത്. ഭരണഘടനാവാദത്തിനും സ്വതന്ത്ര ചിന്തയ്ക്കും ഇവർ നൽകിയ സംഭാവനകളെ അംഗീകരിക്കുമ്പോൾ തന്നെ, രഹസ്യങ്ങളിലും, അധികാരശ്രേണികളിലും, പ്രതീകാത്മക ആചാരങ്ങളിലും അധിഷ്ഠിതമായ ഒരു പ്രസ്ഥാനത്തിന് ആധുനിക ജനാധിപത്യബോധത്തി ന്‍റെ ധാർമ്മിക ആവശ്യങ്ങളുമായി പൂർണ്ണമായി പൊരുത്തപ്പെടാൻ കഴിയുമോ എന്ന് പലരും സംശയിച്ചു.

മിഷേൽ ഫൂക്കോയുടെ(Michel Foucault) സ്ഥാപന വൽക്കരിക്കപ്പെട്ട അധികാര വ്യവസ്ഥകളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ കടമെടുത്താൽ, അദ്ദേഹം ഈ ലോഡ്ജുകളെ ഒരു പരിഷ്കൃത അച്ചടക്ക രൂപമായിട്ടായിരിക്കാം കാണുക എന്ന് പറയാം. സ്വയം പൂർണ്ണത കൈവരിക്കുക എന്ന വ്യാജേന വ്യക്തികൾ തങ്ങളുടെ പെരുമാറ്റച്ചട്ടങ്ങളും, ആചാരപരമായ പ്രതീക്ഷകളും, ആന്തരിക നിരീക്ഷണങ്ങളും സ്വയം ഏറ്റെടുക്കുന്ന ഒരിടം. ഇത്തരമൊരു വായനയിൽ, 'സ്വയം വാർത്തെടുക്കൽ' എന്നത് ആ സ്ഥാപനത്തി ന്‍റെ അധികാര വ്യവസ്ഥയെ പൂനരു ത്പാദിപ്പിക്കുന്ന പ്രക്രിയ മാത്രമായി മാറാം. (Reference: Foucault, M., 'Discipline and Punish', 1975).

സാർത്ര്(Jean-Paul Sartre) ഒരു അസ്തിത്വവാദി(Existentialist) എന്ന നിലയിൽ, ധാർമ്മികമായ ആധികാരികതയ്ക്ക് വഴികാട്ടിയാകാൻ വരുന്ന ഇത്തരം പരമ്പരാഗത ചടങ്ങുകളെ സംശയത്തോടെ കാണാനെ വഴിയുള്ളൂ. മനുഷ്യൻ "സ്വാതന്ത്ര്യത്താൽ ശപിക്കപ്പെട്ടവനാണ്" എന്നും, മുൻകൂട്ടി നിശ്ചയിച്ച പ്രതീകാത്മക വ്യവസ്ഥകളെ ആശ്രയിക്കാതെ സ്വന്തം ജീവിതത്തിന് അർത്ഥം കണ്ടെത്താൻ അവൻ ബാധ്യസ്ഥനാണെന്നും സാർ തി ന്‍റെ വാദം ഓർക്കുക. അങ്ങനെയൊരു ദർശനത്തിൽ, ഇത്തരം ആചാരപരമായ സാഹോദര്യങ്ങൾ സ്വാതന്ത്ര്യത്തി ന്‍റെ ആകുലതകളിൽ നിന്ന് ഒളിച്ചോടാനുള്ള മനസ്സി ന്‍റെ ഒരു താവളം മാത്രമായി മാറിയേക്കാം. (Reference: Sartre, J.-P., 'Existentialism Is a Humanism', 1946).

അതുപോലെ, റസ്സൽ(Bertrand Russell), ലിബറൽ യുക്തി ചിന്ത യോടും മതേതര ധാർമ്മികതയോടും അനുഭാവം പുലർത്തുമ്പോൾ തന്നെ, ബൗദ്ധിക ജീവിതത്തിലെ ദുരൂഹതകൾക്കും അനാവശ്യ രഹസ്യങ്ങൾക്കുമെതിരെ നിരന്തരം മുന്നറിയിപ്പ് നൽകിയിരുന്നു. റസ്സലി ന്‍റെ വീക്ഷണകോണിൽ നിന്നുള്ള ഒരു വിമർശനം, സഹിഷ്ണുതയും സാമൂഹിക സംവാദങ്ങളും വളർത്തുന്നതിൽ ഈ പ്രസ്ഥാനം വഹിച്ച ചരിത്രപരമായ പങ്കിനെ അംഗീകരിക്കുമ്പോൾ തന്നെ, യുക്തിക്ക് പ്രാധാന്യം നൽകുന്ന ഒരു തത്ത്വചിന്ത എന്തിനാണ് ഇപ്പോഴും രഹസ്യങ്ങളുടെയും, പ്രതീകങ്ങളുടെയും, തിരഞ്ഞെടുത്തവർക്ക് മാത്രമുള്ള ആചാരങ്ങളുടെയും പിന്നിൽ ഒളിച്ചിരിക്കുന്നത് എന്ന ചോദ്യം ചോദിക്കും. (Reference: Russell, B., 'Sceptical Essays', 1928).

ആധുനിക സമഭാവനയുടെ(Egalitarian) കാഴ്ചപ്പാടിൽ, ഇതി ന്‍റെ പ്രധാന പോരായ്മ കേവ ലം രഹ സ്യാത്മകത മാത്രമല്ല, മറിച്ച് അതി ന്‍റെ തിരസ്കാരികത(Architecture of exclusivity) തന്നെയാണ്. ആധുനിക ജനാധിപത്യ മൂല്യങ്ങൾ എപ്പോഴും മുൻഗണന നൽകുന്നത് സുതാര്യതയ്ക്കാണ്; രഹ സ്യാത്മകമായ സാഹോദര്യങ്ങൾക്കപ്പുറം സാർവത്രികതയ്ക്കും, പ്രതീകാത്മക അധികാരശ്രേണികൾക്കപ്പുറം നേരിട്ടുള്ള സാമൂഹിക പങ്കാളിത്തത്തിനുമാണ്. ഈ അർത്ഥത്തിൽ, ഫ്രീമേസൺ പ്രസ്ഥാനത്തെ ഭാവി ലോകത്തി ന്‍റെ ഒരു കൃത്യമായ ബ്ലൂപ്രിന്റായല്ല, മറിച്ച് പഴയ ലോകത്തി ന്‍റെ വിശുദ്ധ സാഹോദര്യങ്ങളിൽ നിന്ന് ആധുനിക കാലത്തി ന്‍റെ തുറന്ന സിവിൽ സമൂഹങ്ങളിലേക്കുള്ള ഒരു പരിവർത്തന പാ തയായി മാത്രമേ കാണാൻ കഴിയൂ.

അതുകൊണ്ട്, ഒരു ആധുനിക നിരീക്ഷകൻ ഈ പ്രസ്ഥാനത്തി ന്‍റെ അന്ധനായ ആരാധകനോ അല്ലെങ്കിൽ നേരിട്ടു ള്ള ഒരു ശത്രുവോ അല്ല, മറിച്ച് രണ്ടിനുമിടയിൽ നിൽക്കുന്ന ഒരു ദൃക്സാക്ഷിയാണ്, പഴയ ശി ൽപി കളുടെ ഉപകരണങ്ങൾ അസാധാരണ രാ യ മനുഷ്യരെയും വിപ്ലവകരമായ ആശയങ്ങളെയും വാർത്തെടുക്കാൻ ഒരു കാലത്ത് സഹായിച്ചിട്ടുണ്ടാകാം, എന്നാൽ തികച്ചും സമഭാവനയുള്ള ഒരു ഭാവി ലോകം പാരമ്പര്യമായി കിട്ടിയ പഴയ ബ്ലൂപ്രിന്റുകൾ കൊണ്ട് മാത്രം കെട്ടിപ്പടുക്കാനാവില്ല എന്ന് തിരിച്ചറിയുന്ന ഒരു ദൃക്സാക്ഷി.

എം.എൻ 22-05-2026